04:24pm 11 September 2026
NEWS
ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് ട്രംപ്
06/03/2026  06:25 AM IST
nila
ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ താനും പങ്കാളിയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് അനുകൂലമായ പുതിയ നേതൃത്വം ഇറാനിൽ ഉയർന്നുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയിയുടെ മകനായ മൊജ്താബ് ഖമനയിയെ പരമോന്നത നേതാവായി  നിയമിക്കുന്നതിനെ ട്രംപ് ശക്തമായി എതിർത്തു. “അവർ സമയം കളയുകയാണ്. ഖമെനെയിയുടെ മകൻ ദുർബലനാണ്. നിയമനത്തിൽ ഞാൻ പങ്കാളിയാകണം,” - ട്രംപ് പറഞ്ഞു.

 വെനിസ്വേലയിലെ സംഭവത്തെയാണ് ട്രംപ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അവിടുത്തെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന പിടികൂടിയതിന് ശേഷം അധികാരത്തിലെത്തിയ ഡെൽസി റോഡ്രിഗസിനെ പോലുള്ള ഒരു നേതാവിനെ ഇറാനിലും കാണാനാണ് തനിക്ക് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. മഡുറോ ഭരണകൂടത്തിൽ ഉപരാഷ്ട്രപതിയായിരുന്ന റോഡ്രിഗസ് പിന്നീട് അമേരിക്കയുമായി സഹകരിച്ച് വെനിസ്വേലയിലെ എണ്ണ വിൽപ്പനയ്ക്ക് വാഷിങ്ടണിന് അനുമതി നൽകുകയും ക്യൂബയിലേക്കുള്ള പെട്രോളിയം വിതരണം നിർത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇറാനും വെനിസ്വേലയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വെനിസ്വേലയിലെ സൈനിക നടപടി പരിമിതമായിരുന്നു. പക്ഷേ ഇപ്പോൾ ഇറാൻ അമേരിക്കയോടും ഇസ്രയേലിനോടും ശക്തമായ യുദ്ധത്തിലാണ്. കൂടാതെ ഇറാനിലെ പരമോന്നത നേതാവാകാൻ മതപണ്ഡിതനായിരിക്കണമെന്ന നിയമവും നിലവിലുണ്ട്. അമേരിക്കയുമായി ഇറാൻ ഭരണകൂടം യാതൊരുവിധ ചർച്ചയും നടത്തുന്നില്ലെന്നാണ് ഇറാനിയൻ അധികാരികൾ വ്യക്തമാക്കുന്നത്. അതേസമയം, വാഷിങ്ടൺ ഇറാനിൽ “മരണവും നാശവും വിതറുകയാണ്” എന്നാണ് ട്രംപിന്റെ ചില സഹായികൾ പ്രതികരിച്ചത്. ഇറാൻ അമേരിക്കയ്ക്ക് കീഴടങ്ങുന്ന തരത്തിലുള്ള ഒരു നേതാവിനെ കണ്ടെത്താനാണ് ട്രംപ് ശ്രമിക്കുന്നത് എന്ന വിമർശനവും വ്യാപകമാണ്. ട്രംപിന്റെ നയങ്ങൾ അംഗീകരിക്കുന്ന പാവ സർക്കാരിനെ ഇറാനിൽ ഭരണത്തിലേറ്റാനാണ് ട്രംപിന്റെ നീക്കം.

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേർട്ട്സ് എന്ന കൗൺസിലാണ്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img